താളക്രമം തെറ്റുന്ന ജീവിതങ്ങൾ
താളക്രമം തെറ്റുന്ന ജീവിതങ്ങൾ കുറച്ച് ദിവസമായി വീട്ടിൽ നിന്ന് സമയത്ത് ഇറങ്ങിയാലും സ്ഥിരം പോകാറുള്ള ബോട്ട് കിട്ടുന്നില്ല. ബോട്ടുകളിൽ ആളുകൾ കുറവായതിനാൽ സർവീസുകളുടെ എണ്ണം കുറഞ്ഞിട്ടുണ്ട് എന്നല്ലാതെ സമയക്രമം കാര്യമായി തെറ്റിക്കുന്നില്ല എന്ന് സ്ഥിരമായി കാണാറുള്ള ബോട്ട് മാസ്റ്റർ പറഞ്ഞു. പലപ്പോഴും, വഴി മുടക്കി സമയം തെറ്റി കടന്ന് വരാറുള്ള ട്രെയിനുകളും ഇപ്പോൾ കുറവാണ്.വീട്ടിൽ നിന്നും ബോട്ട് ജെട്ടി വരെ സാധാരണയെടുക്കാറുള്ള സമയം തന്നെയാണ് കാറിലെത്താനെടുക്കുന്നത്. അപ്പോൾ വീട്ടിൽ നിന്ന് ഇറങ്ങുന്ന സമയം തെറ്റുന്നു 'ആശുപത്രിയിൽ രോഗ സംക്രമണം തടയുന്നതിൻ്റെ ഭാഗമായി വാച്ച് ഉപയോഗം വേണ്ടെന്ന് വച്ചിരിക്കുകയാണ്. മൊബൈൽ അത്യാവശ്യത്തിന് മാത്രം.വീട്ടിലെ ക്ലോക്ക് സ്ലോയായി തുടങ്ങിയിരിക്കുന്നു എന്ന് തിരിച്ചറിഞ്ഞത് രണ്ട് ദിവസം മുമ്പാണ് .കറക്ട് ചെയ്ത് വെച്ചെങ്കിലും പിന്നെയും മെല്ലെപ്പോക്ക് തന്നെ. ബാറ്ററി മാറ്റാ റായിട്ടുണ്ടാകും.രാവും പകലുമെന്നും ഋതുഭേദങ്ങളില്ലാതെയും ടിക് ടിക് എന്ന് അണുവിട തെറ്റാതെ കാലത്തെ അളന്ന് രേഖപ്പെടുത്തുന്ന ഘടികാരങ്ങൾ നിലയ്ക്കുമ്പോഴാണല്ലോ നാമവയെ ശ്രദ്ധിക്കുന്നത്. അതെ എൻ്റെ ക്ലോക്കിന് പുതി...