കൊറോണയും വറുതപ്പനും
പ്രഭാത സവാരിക്കിടയിൽ കണ്ണിലുടക്കുന്ന ചില കൂട്ടം കൂടലുകളുണ്ട്.
ഒന്ന് വഴിയോരത്ത് ചത്ത് കിടക്കുന്ന ചെറു ജീവികളെ കൊത്തി തിന്നാൻ കൂട്ടം കൂടുന്ന കാക്കകളാണ്. ചാഞ്ഞും ചെരിഞ്ഞും നോക്കി തനിക്കുള്ള പങ്ക് തഞ്ചത്തിൽ കൊത്തി വലിച്ച് ഏതെങ്കിലും മരക്കൊമ്പിലോ പുരപ്പുറത്തോ ഒറ്റയ്ക്ക് ചെന്നിരുന്ന ശാപ്പിടുന്ന പ്രകൃതിയിലെ ശുചീകരണത്തൊഴിലാളികൾ. തൻ്റെ ഭക്ഷണം കൊക്കിലൊതുക്കിയാൽ പിന്നെയവ സാമൂഹിക അകലം പാലിച്ചിരുന്നേ, കഴിക്കൂ. കൊറോണയ്ക്ക് മുമ്പേ ശീലിച്ച അതിജീവന പാഠം.
മറ്റൊന്ന് കന്നിമാസം കഴിഞ്ഞെങ്കിലും, പ്രകൃതിയുടെ ചോദനയാൽ കൂട്ടം കൂടുന്ന ശ്വാനൻമാരാണ്.
കൂട്ടം കൂടുമ്പോൾ ശൗര്യം കൂടുന്ന
ഇവറ്റയെ പേടിയുള്ളതിനാൽ രണ്ട് മീറ്ററ്റല്ല ,പത്ത് മീറ്റർ സാമൂഹിക അകലം പറ്റുമെങ്കിൽ അത്രയും അകലത്തിലേ നടക്കാറുള്ളൂ.
പക്ഷേ,നടവഴിയിലെ സ്ഥിരം യാത്രക്കാരെ ഇവറ്റകൾ ഉപദ്രവിക്കാറില്ലയെന്നതാണിതുവരെ അനുഭവം.
മൂന്നാമത്തെ കൂട്ടർ സ്വവർഗ്ഗക്കാരാണ്. അവരെ കാണുമ്പോൾ ബഹുമാന പുരസ്സരം വഴി മാറി നടക്കുകയാണ് പതിവ്.
കള്ള് ഷാപ്പിന് മുൻപിൽ, മതിലിൽ ചാരി വെച്ച മീൻ സൈക്കിളിന് ചുറ്റും കൂടി നിന്ന്,നാട്ടിലെ കൊറോണ രോഗികളുടെ വിശദവിവരങ്ങൾ വിശകലനം ചെയ്യുന്ന വിദഗ്ദരാരും,മുഖാവരണം ശരിക്ക് ധരിച്ചിട്ടില്ല എന്ന് കാണുമ്പോൾ, നടക്കുന്ന വശമൊന്ന് മാറ്റിപ്പിടിക്കും.
"ഇന്ന് അമ്പലത്തിൻ്റെ തെക്കേത് കണ്ടെയ്ൻമെൻറാ!"
മീൻകാരൻ വാർത്തയറിയിക്കും.
"അവിടെ ആരാ ?"
തങ്ങളറിയാതെ ആർക്കാ കൊറോണ വന്നത് എന്ന ഭാവത്തിൽ മാസ്ക് താഴ്ത്തി ഒരു അഭ്യുദയകാംക്ഷി മൊഴിഞ്ഞു.
"നമ്മുടെ ചന്ദ്രപ്പൻ്റെ മകൻ, ആ എറണാകുളത്ത് പണിക്ക് പോകുന്ന പയ്യനില്ലേ അവൻ എറണാകുളത്ത് നിന്ന് കൊണ്ടുവന്ന് വീട്ടിലും നാട്ടിലും കൊടുത്തതാന്നേ."
സ്ഥാനം തെറ്റി കിടക്കുന്ന
മാസ്ക് ഒന്ന് കൂടെ വലിച്ച് താഴ്ത്തി,
ഒരുത്തൻ ഇൻ്റലിജൻസ് റിപ്പോർട്ട് നൽകുനുണ്ട്.
"ഓരോരുത്തൻമാര് ഓരോ അസുഖങ്ങളും കൊണ്ട് നമ്മുടെ നാട്ടിൽ വരും. പണിയുണ്ടാക്കാൻ."
മൂക്കിപ്പൊടി വലിച്ച് കേറ്റി രണ്ട് തുമ്മലും തുമ്മി, നിർവൃതികൊണ്ട്, കൂട്ടത്തിലെ കാർന്നോര് അരിശം തീർത്തു.
ഞാൻ റോഡിൻ്റെ എതിർവശത്തുകൂടെ, മാസ്കിൻ്റെ കെട്ടൊന്നു കൂടെ മുറുക്കി,അല്പം വേഗതയിൽ നടന്നു.
കവലയിലെ ചായക്കടയ്ക്ക് മുന്നിൽ മറ്റൊരു കൂട്ടരുണ്ട്.കൂട്ടം കൂടിയിരുന്ന്ചായ കുടിക്കുകയും, കുടിച്ച ശേഷം,ലോക രാഷ്ട്രീയവാർത്തകൾ വിശകലനം ചെയ്യുന്നയവിടെ,ട്രംപിൻ്റെ തോൽവിയാണിന്ന് ചർച്ചാ വിഷയം,എന്ന് ദൂരെ നിന്നേ കേൾക്കാം. പക്ഷം പിടിച്ച് ഉറക്കെയുള്ള വാദപ്രതിവാദങ്ങൾ പതിവാണവിടെ.
"അങ്ങേര് അല്ലെങ്കിലും തലയ്ക്ക് വിവരമില്ലാത്തവനാ.മാസ്ക് ധരിക്കില്ലെന്ന് വെല്ലുവിളിച്ച് നടന്നിട്ട് കൊറോണ പിടിച്ച കക്ഷിയല്ലേ"
"അല്ലെങ്കിലും ,നമ്മൾ മലയാളികളുടെ ശാസ്ത്ര ബോധമൊന്നും അമേരിക്കക്കാർക്കില്ലല്ലോ"
"അമേരിക്കയിലാര് വന്നാലും നമുക്കെന്താ? ഇവിടെ ആര് വരുംന്നാ അറിയേണ്ടേ..."
അമേരിക്ക കടന്ന് ചർച്ചകൾ കേരളത്തിലോട്ട് വരുന്നുണ്ട്.
'ചായക്കൂട്ട'ത്തിൽ നിന്ന് ഒഴിഞ്ഞ് മാറി എതിർ വശത്ത് നടക്കാൻ നോക്കുമ്പോഴാണ് ബീഡി പ്പുക മുഖത്തടിച്ചത്. ചായ പീടികയുടെ എതിർ വഴിയിൽ നിന്ന് എലുമ്പിച്ച ഒരു മനുഷ്യൻ പുകയൂതി വരുന്നുണ്ട്.
"വറുതപ്പാ, മാസ്ക് വെക്കാതെയാണടോ നടക്കുന്നേ"
ചായക്കടയിലിരുന്ന ആരോ വിളിച്ചു പറഞ്ഞു.
"മാസ്ക്, കോപ്പ്. മാസ്കൊന്നും വേണ്ടടാ, എനിക്ക് കൊറോണയൊന്നും വരില്ല"
വറുതപ്പൻ എല്ലുന്തിയ നെഞ്ചിൻ കൂടിലേക്ക് ബീഡിപ്പുക വലിച്ച് കേറ്റിപ്പിടിച്ച് പറഞ്ഞു.
"അതെന്താ?"
"പിടിക്കില്ല അത്ര തന്നെ
കൊറോണയെക്കന്നെ പേടിയാ!"
വറുതപ്പൻ ബീഡിക്കുറ്റി വലിച്ചെറിഞ്ഞ് ചായക്കടയിലേക്ക് കയറി.
ഞാൻ വറുതപ്പൻ വന്ന വഴി തിരിഞ്ഞ് നോക്കി .
വറുതപ്പൻമാരേ പേടിച്ച് കൊറോണയോടിപ്പോകുന്നു. ഞാൻ മാസ്ക് മുറുക്കി,വറുതപ്പനെ പേടിച്ചോടുന്ന കൊറോണയെ പിടിക്കാനോടിത്തുടങ്ങി.
പത്ത് മാസമാകാറായി ഈ കൊറോണയെ പിടിക്കാൻ നടക്കുന്നു. നിനക്ക് ഞങ്ങളെ പേടിയില്ലയല്ലടാ😡നിന്നെ ഇന്ന് പിടിച്ചിട്ട് തന്നെ കാര്യം ,ആഹാ...
(ഓട്ടം തുടരുന്നു.......)
@ഡോ. പ്രവീൺ മറുവഞ്ചേരി
കൊള്ളാം! 👍
ReplyDelete