ഇടവഴിയിലെ ജീവിത കാഴ്ചകൾ

 ഇടവഴിയിലെ ജീവിത കാഴ്ചകൾ


പ്രഭാത സവാരിക്കിടയിൽ സാധാരണ നടക്കാറുള്ള പ്രധാന വഴിയിൽ നിന്ന് ആളനക്കം കുറഞ്ഞ ഇടവഴിയിലൂടെ നടക്കാൻ പ്രത്യേകിച്ച് കാരണമൊന്നുമുണ്ടായിരുന്നില്ല. ഒരേ കാഴ്ചകളിൽ മനം മടുത്ത് തുടങ്ങിയിരുന്നോ?


അധികം വീടുകളില്ലാത്ത ,ആൾ സഞ്ചാരം കുറഞ്ഞ അത് കൊണ്ട് തന്നെ 'പൊട്ടിപൊളിഞ്ഞും കുണ്ടും കുഴിയുമായിട്ടും നന്നാക്കാത്ത ആ വഴി പാദങ്ങൾക്ക് സുഖകരമായില്ലെങ്കിലും വഴിയോര കാഴ്ചകൾ മനം നിറയ്ക്കുന്നതായിരുന്നു. മതിലുകൾ കെട്ടാത്ത വേലി പടർപ്പുകൾ അതിര് തീർക്കുന്ന പറമ്പുകൾക്കിടയിലൂടെയുള്ള യാത്ര ഉണർവേകുന്നതായിരുന്നു.


കടന്നുപോയ ആരുടെയോ കയ്യിൽ നിന്ന് വീണ അരിമണികൾ കൊത്തി തിന്നുവാൻ കുണുങ്ങി കുണുങ്ങി കൂട്ടം കൂടുന്ന അരിപ്രാവുകൾ.ആ അരിമണികളിൽ അവയുടെ പേര് എഴുതി വച്ചിട്ടുണ്ടാകണം. നടന്നടുത്തെത്തുന്നവരെ കൊത്തിപ്പെറുക്കുന്നതിൽ ശ്രദ്ധാലുക്കളായിരുന്ന അവർ എത്ര പെട്ടെന്നാണ് ഒരുമിച്ച് ചിറകടിച്ചുയർന്നത്. അവയുടെ ജാഗ്രതയും പ്രതികരണവും കണ്ട് പഠിക്കേണ്ടിയിരിക്കുന്നു.



വേലി പടർപ്പിൽ നിന്ന് അടുത്ത ലാവണത്തിലേക്കുള്ള യാത്രയിൽ ഏതോ  ടൂവീലറിനടിയിൽ യാത്ര മതിയാക്കേണ്ടി വന്ന ഒരു പാമ്പിൻ്റെ ശരീരം കൊത്തിപ്പറിച്ചു കൊണ്ട് കാക്കകൾ അവരുടെ ശുചീകരണ തൊഴിലാരംഭിച്ചിട്ടുണ്ട്. ഈ കറുമ്പൻ  പക്ഷികൾ ഇല്ലാതിരുന്നെങ്കിൽ നമ്മളുടെ പരിസരം എത്ര മലീമസമായേനേ? മനുഷ്യ സാമീപ്യം പരിചിതമായ തുകൊണ്ടാകും റോഡിൽ നിന്ന് തത്തി തത്തി മാറിയതല്ലാതെ അവ പറന്നുയർന്നില്ല.


രാത്രി മുഴുവൻ ഗാനമേള നടത്തിയിരുന്ന പോക്കാച്ചി തവളകൾ റോഡിന് കുറുകെ ലോങ് ജംപ് പരിശീലിക്കുന്നുണ്ട്. ഇതിനിടയിൽ ലക്ഷ്യം പൂർത്തിയാകാൻ പറ്റാതെ എതോ വണ്ടിക്ക് ഊട് വെച്ച തവളയൊരു നൊമ്പരക്കാഴ്ച്ചയായി.


വേലി പടർപ്പിനിടയിൽ ചെറിയയേതോ ഇരയേ കണ്ട് പറന്ന് വന്ന കാക്കത്തമ്പുരാട്ടി അവളുടെ സൗന്ദര്യം കണ്ടോ എന്ന ഭാവത്തിൽ ശ്രദ്ധയാകർഷിക്കുന്ന തരത്തിൽ ചിലച്ച് കൊണ്ട് ഇല പടർപ്പിനിsയിൽ മറഞ്ഞു.



പാടവരമ്പത്ത് കാണാറുള്ള കൊക്കുകളും എരണ്ടകളും റോഡിലേക്ക് വന്നതിൻ്റെ കാരണമാലോചിച്ചപ്പോഴാണ് തലേ ദിവസം ചാറിയപുതുമഴയിൽ. പൊന്തിയ ഈയലുകളെ കണ്ടത്. കൊക്കുകളുടെ കണ്ഠങ്ങൾ പുല്ലുകൾക്കിടയിൽ പൂഴ്ത്തിയുയർത്തുമ്പോൾ കൊക്കിൽ ഈയലുകളുണ്ടാകും. ഒരു ദിവസത്തെ ആയുസിൽ ജീവിതം ആഘോഷിച്ച് ജീവിതത്തിൻ്റെ നൈമിഷികതയെ തോൽപ്പിക്കുന്ന ഈയാംപാറ്റകൾ.



ഈ വിരുന്നുകാരെയൊന്നും കണ്ട ഭാവം നടിക്കാതെ, മണ്ണിൽ തലചേർത്ത് മയങ്ങുന്ന പാണ്ടൻ നായയെ കണ്ടപ്പോൾ, കുടയിൻമേലുള്ള പിടിയൊന്ന് മുറുകിയോ? ഒന്നുമറിയാത്ത പോലെ മുന്നിൽ കൂടെ ശ്വാസമടക്കി കടന്നു പോയി കഴിഞ്ഞപ്പോഴവനൊന്നു മുരണ്ടു. നടത്തത്തിൻ്റെ വേഗത കൂട്ടി, കുറച്ചെത്തിയപ്പോൾ പതുക്കെ തിരിഞ്ഞു നോക്കി. അവൻ കിടന്നിടത്ത് നിന്ന് തന്നെ. മുന്നിൽ കൂടെ കൂസലില്ലാതെ പോയ വെളുമ്പി പൂച്ചയ്ക്ക് ഒരു താക്കീത് നൽകിയതാവണം.


വഴിയരികിലുള്ള ചുരുക്കം ചില വീടുകളിലൊന്നി ൻ്റെ. മുറ്റത്ത്

പൂത്താം കീരികൾ കലപില കൂട്ടുന്നുണ്ട്.അവിടെയും ഈയലുകൾ തന്നെയാണെന്നു തോന്നുന്നു ഇന്നത്തെ വിഭവം.


ശീമക്കൊന്നകളുടെ ഇടയിലൂടെ നൂണ്ട് പോകുന്ന പച്ചില പാമ്പിനെ കണ്ടപ്പോൾ ,ശിവക്ഷേത്രത്തിൽ വല്ല വഴിപാടും മുടങ്ങിയിട്ടുണ്ടോ എന്നൊന്ന് ഓർക്കാതിരുന്നില്ല. പാമ്പുകൾ നമ്മെ ഓർമ്മപ്പെടുത്താൻ വരുന്നതാത്രേ!



പ്രധാന റോഡിലേക്ക് അടുക്കുന്നു എന്ന്, ഓർമ്മപ്പെടുത്തി കൊണ്ട് വണ്ടികളുടെ ശബ്ദം കാതിൽ വന്നണഞ്ഞു.


കാഴ്ച കണ്ട് നടന്ന് സമയം കൂടുതലെടുത്തിരിക്കുന്നു.


വീണ്ടും ,തിരക്ക് പിടിച്ച റോഡിലൂടെ വേഗത്തിൽ നടക്കുമ്പോളോർത്തു.


ഇടയ്ക്കൊക്കെ ഇടവഴികളിലൂടെ ഒറ്റയ്ക്കൊന്ന് നടക്കണം. ജീവിതത്തിൻ്റെ വേഗമേറിയ പ്രയാണ വീഥിയിൽ ഒറ്റയ്ക്കാണെന്ന് തോന്നുമ്പോൾ, ആരും സഞ്ചരിക്കാത്ത ഇടവഴികളിലൂടെ സാവധാനം സഞ്ചരിക്കണം.

ഈ ഇടവഴികളിൽ കൂട്ടിന് എത്ര പേരാണ്! നാമിവരെ കാണാത്തതല്ലേ?അതെ 'കാണാത്ത' കാഴ്ചകൾ കാണാൻ, 'കേൾക്കാത്ത' ശബ്ദം കേൾക്കാൻ ഇടവഴികളിലൂടെ നടക്കണം. ജീവിതം അവിടെ പച്ചപ്പാർന്ന് നിൽപ്പുണ്ടെന്ന് തിരിച്ചറിയണം.


മനസിൽ പഴയ വരികൾ ഓർമ്മ വന്നു


"ഏകനായ് വിമൂകനായ്

വിഹ്വല ചിത്തനായ്

ഞാൻ നടക്കവേ

നീ മാത്രം നീ ഒരേ

ഒരു ശക്തി മാത്രം

കൂടെയുണ്ടെന്ന

റിയുന്നു ഞാൻ""


ആ  ശക്തിയെ തിരിച്ചറിയാൻ ഇടയ്ക്കൊക്കെ ഇടവഴികളിലെ ഏകാന്തപഥനം നല്ലതാണ്.


*പ്രവീൺ മറുവഞ്ചേരി*

Comments