മൂക്കിപ്പനി
"എന്താ അമ്മ ?എന്താ പ്രശ്നം?"
ഒ.പി.യിൽ ഓടിക്കയറി സ്റ്റൂളിൽ കയറിയിരുന്ന കുട്ടിയുടെ അമ്മയോട് പതിവ് ചോദ്യത്തോടെ തുടങ്ങി.
"അതേ സാറേ ,കൊച്ചിന് പനിയും ചുമയും. കുറച്ചൂസായി കാണിക്കണംന്ന് വിചാരിച്ചിട്ട്"
അമ്മ പറഞ്ഞത് കേട്ട് ഞാനൊന്ന് ഞെട്ടി.
ജനറൽ ഒപി കവാടത്തിൽ 'പനിത്തോക്കും' പിടിച്ച് നിൽക്കുന്ന ആശമാരെയും കടന്ന് ,പനിക്കുന്ന കുട്ടിയെയും കൊണ്ടിവരെങ്ങനെ ജനറൽ ഒ.പി.യിൽ വന്നു എന്ന ചിന്തയായിരുന്നു എൻ്റെ ഞെട്ടലിന് കാരണം.
"നിങ്ങൾ പനിയുടെ ഒ.പി.യിലല്ലേ കാണിക്കേണ്ടേ? കൊറോണക്കാലമായതിനാൽ പനിക്കാർക്ക് മാത്രമായി ഒരു ഒ.പി.യുണ്ടല്ലോ?"
ഞാൻ ചോദിച്ചു.
"അതിന് ഇവന് പനീം ചുമയും മാത്രമേയുള്ളൂ"
അമ്മയുടെ മറുപടി.
"അതെ പനി എന്ത് കൊണ്ടാണെന്ന് അറിയില്ലല്ലോ! പനിക്കാരെ മറ്റുള്ളവരുമായി സമ്പർക്കം വരാതിരിക്കാനാണമ്മാ പനിയുടെ ഒ.പി. മാറ്റി വേറെ നടത്തുന്നത്,"
"സാറെ ഇവന് ചൂടില്ല, പനി മാത്രമേയുള്ളൂ"
അമ്മയുടെ മറുപടി.
"ചൂടില്ലാതെ എന്ത് പനിയാ, ഉൾപ്പനിയോ?"
ഞാൻ പയ്യനെ തൊട്ട് നോക്കി. ശരിയാണ് ചൂടില്ല.
"പിന്നെയെങ്ങിനെയാ അമ്മ പനിയെന്ന് പറയുന്നത്. അമ്മ തെർമോമീറ്റർ വെച്ച് നോക്കിയോ?"
എൻ്റെ സംശയം ന്യായമായിരുന്നു.
"ഇല്ല സാറേ.കൊച്ചിന് പനിയുണ്ട്."
അമ്മ ഉറപ്പിച്ച് പറയുന്നു.
"ശരി അമ്മാ,എന്താ പനി എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്?"
ഞാൻ വിശദമായി തന്നെ ചോദിക്കാനുറച്ചു.
,
"അത് സാറേ കൊച്ചിന് മൂക്കിന്ന് ഒലിക്കുന്നുണ്ട്"
ഒരു ഭാവഭേദവുമില്ലാതെ കൊച്ചിൻ്റെ അമ്മ.
ഞാൻ വീണ്ടും ഞെട്ടി.
"മൂക്കിന്ന് ഒലിക്കുന്നതിനെ മൂക്കൊലിപ്പ് എന്നല്ലേ പറയാ?"
"അതെ സാറേ ഞാനിവന് മൂക്കിപ്പനിയുണ്ടെന്ന് പറഞ്ഞത്."
സാറിനെന്താ മനസ്സിലാവാത്തേ എന്ന ഭാവത്തിൽ അമ്മ.
"ദേ പിന്നേം പനി!
മൂക്കിന്നൊലിച്ചാൽ മൂക്കിപ്പനി!"
പുതിയ വാക്ക് പഠിച്ച ചാരിതാർത്ഥ്യത്തിൽ ഞാനും,ഇങ്ങേർക്കെന്താ മനസ്സിലാവാത്തെ എന്ന ഭാവത്തിൽ കുട്ടിയുടെ അമ്മയും.. ഇതൊന്നും കാര്യമാക്കാതെ എൻ്റെ കഴുത്തിലെ സ്റ്റെതസ്കോപ്പിൽ തിരുപ്പിടിക്കുന്ന പയ്യനും.
ഞാൻ ഒ.പി. ടിക്കറ്റിൽ എഴുതി തുടങ്ങി...
C/o nasal discharge....
@ ഡോ. പ്രവീൺ മറുവഞ്ചേരി
Comments
Post a Comment