മനസ്സുണ്ടാകണം
വർഷങ്ങൾക്ക് ശേഷം ഒരു ദിവസം മാനസിക പ്രശ്നങ്ങൾക്ക് മരുന്ന് കഴിക്കുന്ന ചില രോഗികളുമായി ഇടപഴകുവാൻ അവസരം ലഭിച്ചു. ആശുപത്രിയിലെ ഒരേ ഒരു മനോരോഗ വിദഗ്ദ കോവിഡുമായി ബന്ധപ്പെട്ട സ്വാബ് കളക്ഷൻ ഡ്യൂട്ടിയിലായതിനാൽ അവരെ കാണാൻ വന്നവർ കറങ്ങി തിരിഞ്ഞ് ശിശുരോഗ വിഭാഗം ഒ പി യിലെത്തിയതാണ്.
കുറച്ചു കാലം തൃശ്ശൂർ മെഡിക്കൽ കോളേജിൽ മാനസിക രോഗവിഭാഗത്തിൽ തല്കാലിക ലക്ചററായി ജോലി ചെയ്ത അനുഭവം വെച്ച് മാനസിക പ്രശ്നങ്ങളുമായി വരുന്നവരുടെ ബുദ്ധിമുട്ടുകളെ കുറിച്ച് ബോധവാനായതുകൊണ്ടാകണം അവരുടെ വാക്കുകൾക്ക് ചെവി കൊടുക്കുവാൻ തോന്നിയത്.
ചാപല്യങ്ങൾ പ്രകടമായ ശൈശവ മനസ്സുകൾക്കും രോഗാതുരമായ മനസ്സുകൾക്കും ചില സാമ്യങ്ങൾ കണ്ടുവോ !
വിഷാദത്തിനും ഉന്മാദത്തിനും ചിത്തഭ്രമത്തിനും മരുന്ന് കഴിക്കുന്നവർ.പലരുമായിട്ടും ആദ്യ ശ്രമത്തിൽ തന്നെ ആശയ വിനിമയം പ്രതീക്ഷിച്ചിരുന്നില്ലയെങ്കിലും പലരും അവരുടെ മനസ്സിൻ്റെ വാതായനങ്ങൾ തുറന്ന് തന്നു.
പ്രപഞ്ചത്തിലെ അതിസങ്കീർണ്ണമായ ഘടന മനുഷ്യമനസ്സിൻ്റേതാകണം ജൈവരാസപദാർത്ഥങ്ങളുടെ ഏറ്റക്കുറച്ചിലുകളിൽ നാഡീവ്യൂഹത്തിലുണ്ടാക്കപ്പെടുന്ന വികാരവിചാരങ്ങളെ കൈകാര്യം ചെയ്യുക എളുപ്പമല്ല.
മന്ത്രവാദത്തിൻ്റെ കാലഘട്ടത്തിൽ നിന്ന് കൃത്യമായ മരുന്നുകളുടെ കാലഘട്ടത്തിലേയ്ക്ക് എത്തുമ്പോൾ നല്ലൊരു വിഭാഗം മനോരോഗികൾക്കും സാധാരണ ജീവിതം നയിക്കാനാകുന്നുണ്ടെന്നത് ശാസ്ത്രത്തിൻ്റെ നേട്ടം.
എങ്കിലും ഈ വൈദ്യശാസ്ത്ര ശാഖയെ നാം വേണ്ട വിധം പ്രയോജനപ്പെടുത്തുന്നുണ്ടോ എന്ന് സംശയമാണ്.
കൊറോണ കാലഘട്ടത്തിൽ നമ്മുടെ സമൂഹത്തിലെ കുട്ടികളിലും, പ്രായമായവരിലും, തൊഴിൽ നഷ്ടപ്പെട്ട ചെറുപ്പക്കാരിലും, നിരവധി സമ്മർദ്ദങ്ങളിലൂടെ കടന്നുപോകുന്ന ആരോഗ്യ പ്രവർത്തകരിലുമുണ്ടാകുന്ന മാനസിക പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കേണ്ടത് അത്യാവശ്യമാണ്. പരിമിതമായ 'കൗൺസിലിംഗു'കൾക്കുമപ്പുറം ആഴമേറിയ പഠനങ്ങളും വിപുലമായ ചികിത്സ സംവിധാനങ്ങളും സർവ്വോപരി മനസ്സിനും അസുഖം വരാം എന്ന വസ്തുത അംഗീകരിക്കുന്ന പൊതുബോധവുമുണ്ടാകേണ്ടത് ഒരു ആധുനിക സമൂഹത്തിന് അനിവാര്യമാണ്.
മനസ്സുവെച്ചാൽ എല്ലാം നടക്കുമെന്ന് നാം പറയാറുണ്ടല്ലോ.
പക്ഷേ ആ മനസ്സിൻ്റെ ആരോഗ്യവും പരമപ്രധാനമാണ് എന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു.
അതെ മനസ്സുണ്ടാകണം
ആരോഗ്യമുള്ള മനസ്സ്
എങ്കിലേ ജീവിത കാഴ്ചകളുള്ളൂ
ഋതുഭേദങ്ങളുള്ളൂ
*ഡോ. പ്രവീൺ മറുവഞ്ചേരി*
Comments
Post a Comment