ഒരു ഭിഷഗ്വരൻ്റെ ആത്മഗതം
പത്താം ക്ലാസ് ഫൈനൽ പരീക്ഷയുടെ തലേനാൾ കടുത്ത പനിയും തൊണ്ടവേദനയുമായി അമ്മാവൻ്റെ സുഹൃത്തായ ശിശുരോഗ വിദഗ്ദനെ കാണാൻ പോകുന്നു.
"പത്താം ക്ലാസ് കഴിഞ്ഞാൽ എന്താണ് പരിപാടി?"
ഡോക്ടർ ചോദിക്കുന്നു.
"സെക്കൻഡ് ഗ്രൂപ്പ് പഠിക്കണം. എൻട്രൻസ് എഴുതണം. ഡോക്ടറാകണം."
ക്ലാസിൽ പഠനത്തിൽ മുന്നിൽ നിൽക്കുന്ന
ഏതൊരു വിദ്യാർത്ഥിയും നൽകുന്ന പ്രതീക്ഷിച്ച മറുപടി.
"ഡോക്ടറാകാനുള്ള മോഹമൊക്കെ കൊള്ളാം. അതിനുള്ള ബുദ്ധിമുട്ടുകളെ കുറിച്ച് ഇവർക്കൊന്നും അറിയാഞ്ഞിട്ടാ."
അദ്ദേഹം അമ്മാവനോട് മെഡിക്കൽ വിദ്യാഭ്യാസ കാലഘട്ടത്തിലെ സഹനങ്ങൾ വിവരിക്കുന്നതും കേട്ടിരുന്നു.
അമ്മയ്ക്ക് കൂടെ കൂടെ അസുഖങ്ങൾ അലട്ടുന്നതിനാൽ ആശുപത്രിയും ഡോക്ടർമാരും പരിചിതമായ കാലം. വീട്ടിലൊരു ഡോക്ടർ വേണമെന്ന അമ്മയുടെ മോഹം.
അതിലുപരി ആരുടെ മുന്നിലും തല കുനിക്കാതെ സ്വന്തമായി ജോലി ചെയ്ത് ജീവിക്കാവുന്ന, മനുഷ്യരെ സേവിക്കുവാൻ ധാരാളം അവസരങ്ങളുള്ള, സമൂഹത്തിൽ നിലയും വിലയുമുള്ള തൊഴിൽ.
ഇതായിരുന്നു ഈ പ്രൊഫഷൻ തിരഞ്ഞെടുക്കുമ്പോൾ ഒരു കൗമാരക്കാരൻ്റെ ചിന്തകൾ....
പിന്നെയും കാലങ്ങൾ കഴിഞ്ഞു. മകൻ ഡോക്റാകുന്നത് കാണാൻ കാത്ത് നിൽക്കാതെ അമ്മ കാലയവനികക്കുള്ളിൽ മറഞ്ഞു.
മെഡിക്കൽ വിദ്യാർത്ഥികൾ സ്വന്തം കുടുംബത്തിലും, നാട്ടിലും എല്ലാം അന്യഗ്രഹ ജീവികളാണ് എന്ന സത്യം പതുക്കെ പതുക്കെ തിരിച്ചറിഞ്ഞു.
പുറത്ത് നിന്ന് കാണുന്നവർക്ക് ഈ പ്രൊഫഷൻ്റെ പകിട്ടുകൾക്കപ്പുറം, ബുദ്ധിമുട്ടുകൾ ഒരിക്കലും മനസ്സിലാവാറില്ല. ഇവിടെ ഒരിക്കലും ഒന്നും ഒന്നും കൂട്ടിയാൽ ഉത്തരം രണ്ടല്ല. മനുഷ്യ വികാരങ്ങൾ കൊണ്ട് മനുഷ്യ മനസ്സ് അളക്കാൻ പറ്റാത്ത ഒരു ലോകം.
സമയം പോലും കൂടെയില്ലാത്തപ്പോൾ, സാഹചര്യങ്ങൾ പ്രതികൂലമായി നിൽക്കുമ്പോൾ അതിസങ്കീർണ്ണ തീരുമാനങ്ങൾ എടുക്കേണ്ടി വരുന്ന അവസ്ഥകൾ. മനുഷ്യ ശരീരത്തിൻ്റെ നശ്വരതയും സങ്കീർണ്ണതയും തിരിച്ചറിഞ്ഞറിയുന്നവർക്ണ്ടാകുന്ന നിസ്സംഗത. സ്വന്തം ശരീരത്തെ അവഗണിച്ച് കൊണ്ടും മനുഷ്യ ശരീരങ്ങളെ ചികിത്സിക്കേണ്ട തൊഴിൽ സാഹചര്യം.
ഈ തൊഴിൽ മേഖലയിൽ പ്രവർത്തിച്ചവർക്ക് ' അല്ലെങ്കിൽ അടുത്തറിഞ്ഞവർക്ക് മാത്രം മനസ്സിലാകാവുന്ന വിഷയങ്ങൾ.
രണ്ട് ദശകങ്ങൾ കഴിഞ്ഞപ്പോൾ, സമൂഹം നൽകുന്ന പ്രതികരണങ്ങളിൽ സ്വയം ബലിയർപ്പിച്ച ഒരു ഭിഷഗ്വരൻ്റെ വിയോഗം മനസ്സിനെ മഥിക്കുന്ന, ഒരു മഹാമാരിയുടെ കാലത്ത്
അച്ഛൻ്റെ പ്രിസ്കിപ്ഷൻ പാഡിൽ മകൾ മരുന്നെഴുതി കളിക്കുന്നത് ആശങ്കയോടെ കാണുമ്പോൾ,
നീയും ഒരു ഡോക്ടറാകണം എന്ന് ആത്മവിശ്വാസത്തോടെ പറയനാകുന്നില്ല....
വേണ്ട മക്കളെ വേണ്ട, ഇനിയുള്ള കാലം ഈ തൊഴിൽ അപകടമാണ് എന്ന് ഉള്ളിലിരുന്നാരോ മന്ത്രിച്ചു.
ഈ തൊഴിൽ മേഖല കൂടുതൽ കലുഷിതമാകുന്നു...
അവിശ്വാസവും, മാധ്യമ വിചാരണകളും, അനാവശ്യ രാഷ്ട്രീയ ഇടപെടലുകളും, കുറ്റപ്പെടുത്തുവാൻ മാത്രം മുന്നിലുള്ള അധികാരികളും, ആത്മാർത്ഥമായി പ്രവർത്തിക്കുവാൻ മുന്നോട്ട് വരുന്ന മിടുക്കരായവർക്ക് ഈ തൊഴിൽ മേഖല അനാകർഷകമാക്കുന്നു.
നഷ്ടം പൊതു സമൂഹത്തിന് മാത്രം...
ഡോ. പ്രവീൺ മറുവഞ്ചേരി
Comments
Post a Comment