മൂക്കിൽ തൊട്ടാൽ
"നീ ധൈര്യണ്ടങ്ങെ മൂക്കിൽ തൊടടാ ഇടിച്ച് മോന്ത ശരിയാക്കും"
പണ്ട് സ്കൂളിൽ പഠിക്കുമ്പോ ഇടികൂടാനൊരുങ്ങുന്ന പിള്ളേര് വെല്ലുവിളിക്കുന്ന ഒരു പഞ്ച് ഡയലോഗ് ഇപ്പോൾ ഓർക്കാനൊരു കാരണമുണ്ട്.
കോവിഡ് സ്രവ പരിശോധന ഡ്യൂട്ടിയുമായി ആരോഗ്യ പ്രവർത്തകർ കഴിഞ്ഞ 9-10 മാസമായി, കോവിഡിനെ മൂക്കിൽ നിന്നും തൊണ്ടയിൽ നിന്നും തോണ്ടി പിടിക്കാൻ തുടങ്ങിയിട്ട്.
ആദ്യമൊക്കെ പി.പി.ഇ കിറ്റും ധരിച്ച് ശ്വാസം പിടിച്ച് മണിക്കൂറുകളോളം, അന്യഗ്രഹ ജീവികളെപ്പോലെ, ആശുപത്രിയുടെ ഒരു മൂലയിലിരുന്ന് ,ക്വാറൻറ്റൈനിൽ ഇരിക്കുന്ന വിദേശ വാസം കഴിഞ്ഞ് വന്നവരെ, ആംബുലൻസ് വിട്ട് ഒറ്റയെക്കാറ്റയ്ക്ക് കൊണ്ട് വന്ന് പരിശോധിക്കുന്ന അവസ്ഥയായിരുന്നു.
പത്തോ മുപ്പതോ ആളുകളെ ഒരു ദിവസം പരിശോധിക്കണമെങ്കിൽ കൂടി 5_6 മണിക്കൂർ പി.പി.ഇ കിറ്റിട്ട് ഇരിക്കണം. മിക്കവാറും ആളുകളെയും സർക്കാർ വണ്ടി വിട്ട് കൊണ്ടുവരുന്ന സാഹചര്യം.
ആ സാഹചര്യമെല്ലാം പെട്ടെന്ന് മാറി.വിദേശികളിൽ 'മാത്രം' കാണുന്ന രോഗം എന്നാളുകൾ കരുതിയ കോവിഡ് കസേര വലിച്ചിട്ട് ഉമ്മറക്കോലായിൽ കയറിയിരിപ്പായി.
ഇപ്പോൾ ഓരോ ചെറിയ ആശുപത്രികളിലും 150-200 മൊക്കെ സ്രവ പരിശോധന ഒറ്റയിരുപ്പിൽ നടത്തേണ്ടി വരുന്നുണ്ട്.
കിയോസ്കുകൾ ലഭിച്ച സ്ഥലങ്ങളിൽ ഡോക്ടർക്ക് പി.പി.ഇ കിറ്റിനു പകരം അടച്ച് പൂട്ടിയ ഈ കൂട്ടിനുള്ളിൽ നിന്ന് രോഗിയുടെ മൂക്കിൽ തോണ്ടാം.അതില്ലാത്ത പലയിടങ്ങളിലും പി.പി.ഇ. കിറ്റിനുള്ളിൽ തളർന്ന് വീഴുന്ന അവസ്ഥ.
കാര്യം നിസ്സാരമാണെങ്കിലും അത്ര നിസ്സാരമല്ലാത്ത ചില അനുഭവങ്ങളുമുണ്ട്.
ചില്ലുകൂട്ടിൽ നിൽക്കുന്ന പുണ്യാളൻ പറയുന്നത് പുറത്തിരിക്കുന്ന പ്രാഞ്ചിക്ക് മനസില്ലാകണമെന്നില്ല. ഭാഷയുടെ കുഴപ്പമല്ല. പ്രാഞ്ചിയേട്ടൻ്റെ ഭാഷയിൽ തന്നെയാണ് പുണ്യാളൻ്റെ മൊഴി. പക്ഷേ വായു കടക്കാത്ത ചില്ലുകൂട്ടിൽ നിന്ന് ശബ്ദം പുറത്ത് കേൾക്കുന്നത് കുറവാണെന്നു മാത്രം.
പുറത്ത് പി.പി ഇ കിറ്റുമിട്ട് സഹായത്തിന് നിൽക്കുന്ന സ്റ്റാഫ് എങ്ങനെയിരിക്കണം, എന്നൊക്കെ വിശദീകരിച്ചാലും കിറ്റിനുള്ളിൽ നിന്ന് പറയുന്നത് തിരിയാത്തതുകൊണ്ടോ, പരിഭ്രമം കൊണ്ടോ അളുകൾ പലപ്പോഴും അങ്കലാപ്പിലാകും.ഇതിൽ നവജാത ശിശു മുതൽ 90 വയസായ വയോധികർ വരെയുണ്ടാകും.
ഇവരെ ആശ്വസിപ്പിച്ച് കോവിഡിനെ തോണ്ടിയെടുക്കലാണ് കൂടിനുള്ളിലെ പുണ്യാളൻ്റെയും കാര്യക്കാരുടെയും ചുമതല.
അങ്ങനെ മൂക്കിൽ കോലിടുമ്പോൾ, നവരസത്തിൽ പെടാത്ത പല മുഖഭാവങ്ങളും, കണ്ട് കൊണ്ട് ചില്ല് കൂട്ടിലിരുന്ന ഇരുപ്പിൽ വിയർത്ത് പുഴുകി,നൂറാമത്തെ ആളുടെ സ്രവവുമെടുത്ത് ശ്വാസം വിടുമ്പോഴാണ് കഥാനായകൻ രംഗപ്രവേശം ചെയ്യുന്നത്.
ചില്ല് കൂട്ടിന് മുന്നിലെ സ്റ്റൂളിൽ വന്നിരുന്ന ടിയാൻ സ്റ്റൂൾ വലിച്ച് പിന്നാക്കമിട്ടു. അതാണല്ലോ ഒ.പി.യിലെല്ലാം ശീലം. ഡോക്ടർക്ക് പരിശോധിക്കാൻ സൗകര്യപ്പെടുന്ന ദൂരത്തിൽ സ്റ്റൂൾ കെട്ടിവെച്ചാലും അതെടുത്ത് കൊണ്ടുപോകാനായി ശ്രമിക്കുന്നവരെ കോവിഡ്
പൂർവ കാലഘട്ടത്തിൽ ഉപദേശിക്കുമായിരുന്നു. ഇപ്പോൾ സാമൂഹിക അകലം പാലിക്കുന്നതായിരിക്കാം.
ചില്ല് കൂട്ടിൽ നിന്നുള്ള അശരീരി കേൾക്കാൻ പറ്റുന്നില്ല എന്നായപ്പോൾ പുറത്ത് നിൽക്കുന്ന സ്റ്റാഫ് ,അംഗവിക്ഷേപങ്ങളോടെ കാര്യം ധരിപ്പിച്ചു.
കസേരയടുത്തേക്ക് നീക്കിയിട്ടെങ്കിലും ടിയാൻ മൂക്കിൽ തൊടാൻ നേരം തല പിന്നോട്ട് വലിക്കും. രണ്ട് മൂന്ന് പ്രാവശ്യം ഉറക്കെ ചില്ലു കൂട്ടിൽ നിന്ന് അടുത്തേയ്ക്ക് വാ ചേട്ടാ എന്ന് പറഞ്ഞപ്പോൾ മൂപ്പർക്ക് ദേഷ്യം വന്നു.
"അടുത്തല്ലേ വരുന്നേ. ആ കൂട്ടീന്ന് പുറത്തിറങ്ങി വാ, കാണിച്ചു തരാം"
ഡയലോഗ് കാച്ചുമ്പോൾ
കിട്ടിയ നിമിഷാർദ്ധത്തിൽ മൂക്കിൽ തോണ്ടാൻ കഴിഞ്ഞത് നിത്യാഭ്യാസം കൊണ്ടായിരിക്കും.
എഴുന്നേറ്റ് പോകുമ്പോഴും മൂപ്പര് വെല്ലു വിളിക്കുന്നുണ്ട്.
"പുറത്ത് വാ കാണിച്ച് തരാം"
"സാറേ സാറിനെ കാണിച്ച് തരാമെന്ന്!"
പി.പി.ഇ കിറ്റിനുള്ളിലെ ചേച്ചിക്ക് രോഷം വരുന്നുണ്ട്.
കൊറോണ കാലത്തിന് മുൻപ് ഇത്തരം വെല്ലുവിളികളും, ആക്രോശങ്ങളും അത്യാഹിത വിഭാഗങ്ങളിൽ ഇടയ്ക്കൊക്കെ മുഴങ്ങാറുളളതായിരുന്നു.
കോവിഡ് ടെസ്റ്റിന് വരുന്നവരുടെ വായിൽ നിന്നും ,പി.പി.ഇ കിറ്റിനുള്ളിലിരുന്ന് ഇത് കേൾക്കേണ്ടി വന്നല്ലോ എന്ന വിഷമമാണവർക്ക്.
'പോട്ടെ ചേച്ചി, അങ്ങേരെ കൊണ്ട് പറയിപ്പിച്ചതാ"
ആര് ,നമ്മളോ?
ചേച്ചി ആശ്ചര്യപ്പെട്ടു.
"നമ്മളല്ല, അങ്ങേരുടെ
വയറ്റിൽ കിടക്കുന്ന സാധനം. പി.പി.ഇ കിറ്റിനുള്ളിലായതിനാലും മാസ്ക് ധരിച്ചതിനാലും ആ ഗന്ധം കിട്ടാത്തതാണ്."
ഞാൻ
കൂട്ടിൽ നിന്ന് പുറത്തിറങ്ങി ,
താടിയിലാടുന്ന മാസ്കി നേപ്പോലെ ആടിയാടി നടക്കുന്ന മൂപ്പരെ ചൂണ്ടി കാണിച്ച് പറഞ്ഞു
.ഉണ്ണി പിറന്നാലും, അച്ഛൻ മരിച്ചാലും, കോവിഡ് വന്നാലും ഒന്ന് മോന്താതെയെങ്ങിനെയാ?
ആളുകൾക്ക് ഇപ്പോഴും കോവിഡ് ഒരു തമാശയാണെന്ന് തോന്നി.
ഇനിയും കുറേ ആളുകൾ പരിശോധനയ്ക്കായി എത്തി കൊണ്ടിരിക്കുന്നു.
അടുത്ത ആളെ പരിശോധിക്കുവാൻ കൂട്ടിൽ കയറുമ്പോഴും, ടിയാൻ രജിട്രേഷൻ കൗണ്ടറിനടുത്ത് ചെന്ന് ബഹളം വെയ്ക്കുന്നുണ്ട്.
ഞാൻ മുന്നിലിരിക്കുന്ന ഗഡിയെ നോക്കി.
'ധൈര്യണ്ടങ്ങെ മൂക്ക്യേ തൊടടാ ഇടിച്ച് നിൻ്റെ മോന്ത ശര്യാക്കും എന്ന്
പറയുന്നുണ്ടോ??
@പ്രവീൺ മറുവഞ്ചേരി
Comments
Post a Comment