പെൺകുഞ്ഞും പൊൻ കുഞ്ഞ്
പെൺകുഞ്ഞും പൊൻ കുഞ്ഞ്
"പ്രസവ മുറിയിൽ അന്തരീക്ഷം പ്രക്ഷുബ്ധമാകുന്നത് എപ്പോഴാണ് എന്നറിയില്ല.
കുട്ടികളെ നിങ്ങൾ സൂക്ഷിച്ചിരിക്കണം
ഇവിടെ ഓരോ കോണിലും മരണം പതുങ്ങിയിരിക്കുന്നു."
പ്രസവവേദനയുമായി മല്ലിട്ട് കൊണ്ടിരിക്കുന്ന യുവതികളെ വീണ്ടുമൊരു വട്ടം കൂടി പരിശോധിച്ച് ഡ്യൂട്ടി റൂമിലേക്ക് പോകുമ്പോൾ സർ ഓർമിപ്പിച്ചു.
രാത്രിയുടെ അന്ത്യ യാമത്തിലേക്ക് കടക്കുമ്പോൾ, ഉറക്കം കൺകളിൽ ഊഞ്ഞാലല്ല കട്ടിലിട്ട് കിടക്കവിരിച്ച് കഴിഞ്ഞിരുന്നു.
കൂടെയുള്ള ലേഡി ഹൗസ് സർജൻ ലേബർ റൂമിൽ ഓരോ രോഗിയുടെ അടുത്ത് ചെന്ന് പൾസും , ഗർഭപാത്രത്തിന്റെ കൺട്രാക്ഷൻസ്(വേദന വരുമ്പോൾ ഗർഭ പാത്രം മുറുകുന്ന അവസ്ഥ), കുട്ടിയുടെ ഹൃദയമിടിപ്പും എല്ലാം രേഖപ്പെടുത്തി നടക്കുന്നു.
ഞങ്ങൾ തമ്മിലൊരു ധാരണയിലായിരുന്നു. ആദ്യത്തെ ടേൺ അവർ എല്ലാവരെയും പരിശോധിക്കും. രണ്ടാമത്തെ ടേൺ എന്റെ.
അവരുടെ ടേണായതു കൊണ്ട് ലേബർ റൂമിലെ ഡ്യൂട്ടി സ്റ്റേഷനിലെ ടേബിളിൽ ഞാനൊന്ന് തല ചായ്ച് ഇരുന്നു. ഒരു ശ്വാന നിദ്ര.
വൈകുന്നേരം പോസ്റ്റിംഗ് കഴിഞ്ഞ് പോകുന്നവരുടെ ഒരു ട്രീറ്റും കൂടി ഉണ്ടായിരുന്നതിനാൽ,വിദ്യാർത്ഥി ലക്ഷണങ്ങളിൽ പറയുന്ന അല്പാഹാരം അല്ലായിരുന്നു അന്ന്.
അതുകൊണ്ട് ശ്വാനനനിദ്ര, കുംഭകർണ സേവയാകാതിരിക്കാൻ സഹപ്രവർത്തകയോട് ഒന്നുണർത്തണേ എന്നോർമ്മിപ്പിച്ച് കൊണ്ടാണ് തല ചായ്ച് വച്ച് ഇരുന്നത്.
പക്ഷേ ,എന്തു കൊണ്ടോ ഉറക്കം വരുന്നില്ല. സഹപ്രവർത്തക മൂന്നാം നമ്പർ ബഡ്ഡിലെ രോഗിയെ പരിശോധിക്കുകയാണ്.
അവർക്കിത് അഞ്ചാമത്തെ പ്രസവമാണ്. നാലും സുഖപ്രസവമായിരുന്നു.
സ്വാഭാവികമായി ഇത്തരം പ്രസവാനുഭവങ്ങൾ ഉള്ളവരുടെ മുഖത്ത് ഉണ്ടാകേണ്ട ഒരു ആത്മവിശ്വാസം അവർക്കില്ലാത്തത് പോലെ.
ലേബർ റൂമിലേക്ക് വന്നിട്ട് രണ്ട് മൂന്ന് മണിക്കൂറായിട്ടേയുള്ളൂ. പക്ഷേ,ഇവർ ഉടനെ പ്രസവിക്കുമെന്നൊരു തോന്നൽ. അഞ്ചാമത്തെ പ്രസവമാണല്ലോ. അധികം സമയമൊന്നും വേണ്ട.
ഞാൻ ഉണർന്നിരുന്നു.
അടുത്ത ഡെലിവറിയെടുക്കുവാനുള്ള അവസരം എന്റേതായിരുന്നു.
എന്റെ കണക്ക് കൂട്ടലുകൾ തെറ്റായില്ല. "ചേച്ചീ ട്രോളി" എന്ന വിളി ലേബർ റൂമിൽ മുഴങ്ങി. ഗർഭപാത്രത്തിന്റെ ഓരോ സങ്കോചത്തിനോടൊപ്പവും
കുട്ടിയുടെ തല ഇറങ്ങി വരുന്നു. കുഴപ്പമൊന്നുമില്ലല്ലോ ഞാൻ ഭൂമിയിലേക്ക് വരട്ടെ എന്ന് എത്തിച്ച് നോക്കുന്ന പോലെ.
വളരെ പെട്ടെന്ന് ലേബർ റൂം സജീവമായി. ഒരു മൂലയ്ക്ക് ഒതുങ്ങി കിടന്നിരുന്ന ട്രോളിയുടെ ചക്രങ്ങൾ കരഞ്ഞു കൊണ്ട് രോഗിയെ വഹിച്ചു കൊണ്ട് ഡെലിവറി കോട്ടിലേയ്ക്കുരുണ്ടു. സർവ സന്നാഹങ്ങളുമായി ഡെലിവറി എടുക്കുവാൻ തയ്യാറായി ഞാൻ ഡെലിവറി കോട്ടിനടുത്ത് ഇരുപ്പുറപ്പിച്ചു.
ബേബി കെയർ(നവജാത ശിശു പരിചരണം) കൊടുക്കുവാനുള്ള തയ്യാറെടുപ്പുമായി സഹ ഡോക്ടർ ബേബി കോട്ടിനടുത്ത് റെഡിയായി നിന്നു.
ഗർഭിണിക്ക് വേദന വരുമ്പോൾ കുട്ടിയുടെ തല പുറത്തേക്ക് ഇറങ്ങി വരുന്നു. യോനി മുഖത്ത് വന്ന് തിരിച്ചു പോകുന്നു.
"ശക്തമായ വേദനയ്ക്കൊപ്പം മുക്കണം എന്നാലെ കുട്ടി പുറത്ത് വരൂ നിനക്കിതൊക്കെ പറഞ്ഞ് തരണമോ "സിസ്റ്റർ ആ ഗർഭിണിയെ ബോധവത്കരിക്കുന്നുണ്ട്.
മരുന്നു കൾ സ്റ്റാർട്ട് ചെയ്തു. കുട്ടിയുടെ ഹൃദയമിടിപ്പും അമ്മയുടെ അവസ്ഥയും സസൂക്ഷമം നിരീക്ഷിച്ചു കൊണ്ടിരിക്കുന്നു.
സർ പറഞ്ഞ പോലെ സൂക്ഷിക്കേണ്ടിയിരിക്കുന്നു.
പെട്ടെന്നാണ് സുഖപ്രസവങ്ങൾ സങ്കീർണ്ണാവസ്ഥയിലേക്ക് പോകുന്നത്. ആർക്കും മുൻകൂട്ടി പ്രവചിക്കാനാ കണമെന്നില്ല.
സാഹചര്യം ഗുരുതരമാകുമോയെന്ന സന്ദേഹത്തിൽ സാർ അടുത്ത് തന്നെ വന്ന് നിൽക്കുന്നു.
അടുത്ത വേദനയിലും കുട്ടി വന്നിലെങ്കിൽ കൊടിലുപയോഗിക്കുവാൻ(forceps) തയ്യാറാകാൻ സിസ്റ്ററോട് സർ നിർദ്ദേശിച്ചു.
പീഡിയാട്രീഷ്യനും ബേബി കെയറിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് റെഡിയായി.
വിചാരിച്ച പോലെ ഇപ്രാവശ്യം വേദനയ്ക്കൊപ്പം കുട്ടിയുടെ തല പുറത്തേയ്ക്ക് വരുന്നില്ല ഒടുവിൽ സർ കൊടിലിട്ട് ആ ശിശുവിനെ വലിച്ച് പുറത്തെടുത്തു.
വരാനിഷ്ടമില്ലാത്ത തന്നെ പുറത്തെടുത്ത ദേഷ്യത്തിലാണോ എന്നറിയില്ല അവൾ കരയാൻ തയ്യാറല്ലായിരുന്നു.
കുട്ടി കരഞ്ഞില്ല എന്ന് കണ്ടപ്പോൾ കുട്ടിയെ പുറത്തെടുത്ത സമയത്തെ ആശ്വാസം എല്ലാം ആവിയായി.
ലേബർ റൂമിൽ ഒരു മൂകത.
മരണത്തിന്റെ കാലൊച്ച കേൾക്കുന്നുണ്ടോ?
ബേബി കോട്ടിൽ റെഡിയായിരുന്ന പീഡിയാട്രീഷ്യന്റെ കൈകളിലേക്ക് കുട്ടി കൈമാറ്റം ചെയ്യപ്പെട്ടു. വായിലെയും മൂക്കിലെയും സ്രവങ്ങൾ എല്ലാം നീക്കി കൃത്രിമ ശ്വാസ ച്ഛോസം നൽകി മാഡം കുട്ടിയെ കരയിപ്പിച്ചു.
നീല കാർവർണ്ണയായ കുഞ്ഞ് ചെന്താമര പോലെ തുടുക്കുന്നത് കണ്ടപ്പോഴാണ് എല്ലാവരുടെയും മുഖത്ത് രക്തയോട്ടം വന്നത്.
അല്പ സമയത്തിന്റെയുള്ളിൽ കുഞ്ഞിന്റെ കരച്ചി ൽ ലേബർ റൂമിൽ അലയടിച്ചു.
"ഡോക്ടറേ എന്ത് കുഞ്ഞാ? എന്ത് കുഞ്ഞാ?....
കുട്ടിയെ കരയിക്കുവാൻ പാട് പെടുന്ന നേരത്തും അമ്മയുടെ ചോദ്യം അതായിരുന്നുവെന്നത് ഞാൻ ശ്രദ്ധിച്ചു.
"ഇപ്പോൾ കാണിച്ചു തരും. അപ്പോഴേക്കും ഈ മുറിവുകൾ തുന്നട്ടെ."
അവരുടെ മുറിവുകൾ തുന്നുമ്പോഴും അവർ തല തിരിച്ച് ബേബി കോട്ടിലേക്ക് നോക്കി കൊണ്ടിരുന്നു.
"ഇതാ പെൺകുഞ്ഞ്" അവരുടെ ആധി മനസ്സിലാക്കിയ സിസ്റ്റർ കുഞ്ഞിനെ അവരുടെ അടുത്ത് കൊണ്ട് വന്ന് കാണിച്ചു.
പെട്ടന്ന് ആ അമ്മ മുഖം തിരിച്ച് കളഞ്ഞു.
"ഇതും പെൺകുഞ്ഞാണോ.
ഭർത്താവ് അറിഞ്ഞാ എന്നെ ഉപേക്ഷിക്കും.."
പ്രസവ വേദനയെടുത്തപ്പോൾ പോലും കരയാത്ത വിധത്തിൽ അവർ തേങ്ങി തേങ്ങി കരയുകയായിരുന്നു.
സിസ്റ്ററാണ് അവരുടെ ചരിത്രം പിന്നെ പറഞ്ഞ് തന്നത്. മുൻപത്തെ നാല് കുട്ടികളും പെൺകുട്ടികളാണത്രെ. ഭാര്യയുടെ കുഴപ്പം കൊണ്ടാണ് പെൺകുട്ടികളാകുന്നത് എന്നാണ് ഭർത്താവിന്റെ മതം.
(കുട്ടി ആണാണോ പെണ്ണാണോ എന്ന് തീരുമാനിക്കുന്നത് പുരുഷ ബീജത്തിലെ Y ക്രോമസോമാണെന്നത് ശാസ്ത്ര സത്യം) ഇപ്രാവശ്യവും പെൺകുട്ടിയാണെങ്കിൽ അയാൾ ഭാര്യയെ ഉപേക്ഷിക്കുമെന്ന് പറഞ്ഞിരിക്കുന്നു.
കഷ്ടം! ഞാൻ ആ ഭർത്താവിനോടൊന്ന് സംസാരിച്ചാലോ എന്നാലോചിച്ച് ലേബർ റൂമിന്റെ വാതിൽക്കൽ ചെന്നു. അവിടെ അയാളുണ്ടായിരുന്നില്ല.
പെൺകുട്ടിയാണെന്ന് അറിഞ്ഞപ്പോൾ തന്നെ അയാൾ ദേഷ്യപ്പെട്ട് സ്ഥലം വിട്ടത്രെ.
ഞാൻ തിരിച്ച് ലേബർ റൂമിൽ ചെല്ലുമ്പോൾ കുഞ്ഞ് അമ്മയെ ഒട്ടി കിടന്ന് പാൽ നുണയുകയാണ്.
പാവം കുട്ടി പിറന്നതോ കുറ്റം?
അതേ
"വരില്ല ഞാൻ വരില്ല ഞാൻ
എന്ന് ശാഠ്യം പിടിച്ചപ്പോൾ
നിങ്ങളെന്നെ കൊടിലിട്ടു
വലിച്ച് പുറത്തെടുത്തു
കരയില്ല ഞാൻ കരയില്ല ഞാൻ
എന്ന് നിനക്കവേ
എന്റെ വായിൽ കുഴലിട്ട്
കരയിച്ചതും നിങ്ങൾ
എന്തിനെന്നെ പുറത്തെടുത്തു?
എന്തിനെന്നെ
കരയിച്ചു നിങ്ങൾ?"
ഞാനൊരു അശരീരി കേട്ടതാണോ.
................... ...................
പെൺകുട്ടികളുടെ വിലാപം ഇന്നും ലോകത്ത് മുഴങ്ങുന്നു. ദശലക്ഷകണക്കിന് പെൺകുഞ്ഞുങ്ങൾ ഭ്രൂണഹത്യക്കോ, ശിശുഹത്യയ്ക്കോ വിധേയമാക്കപ്പെടുന്നു.
അതിലധികം പെൺകുഞ്ഞുങ്ങൾ ലിംഗ വിവേചനം നേരിടുന്നു.
ഇന്ന് പെൺകുട്ടികൾക്കായുള്ള ദിനം.
പെൺകുഞ്ഞുങ്ങളും നാടിന്റെ സമ്പത്ത്
അവരെ സംരക്ഷിക്കണം.
വലിച്ചെറിയരുത്.
@പ്രവീൺ മറുവഞ്ചേരി
Comments
Post a Comment