ഓണപ്പുടവ
ഓണപ്പുടവ.
ഓർമ്മകളിലെ ഓണപ്പുടവയ്ക്ക് ഇന്നത്തെ ബ്രാൻഡഡ് വസ്ത്രങ്ങളേക്കാളും പകിട്ടേറെയാണ്.അമ്മയും അച്ഛനും സർക്കാരുദ്യോ സ്ഥരായിരുന്നെങ്കിലും എന്റെ കുട്ടിക്കാലത്ത് വർഷത്തിലൊരിക്കൽ ഓണത്തിന് മാത്രമെ പുതിയ വസ്ത്രങ്ങൾ വാങ്ങുമായിരുന്നുള്ളു.
തൃശ്ശൂർ റൗണ്ടിൽ സ്വപ്ന തിയറ്ററിനടുത്തുള്ള
നാഷണൽ ടെക്സ്റ്റൈൽസ് കോർപ്പറേഷന്റെ ( NTC)
കടയിൽ നിന്ന് (അന്ന് വേറെ കടയില്ലാതെയല്ല .NTC യിൽ നിന്ന് തുണി വാങ്ങാനാണ് അച്ഛന് കൂപ്പൺ കിട്ടുക ) ഷർട്ടിന്റെയും പാന്റിന്റെയും തുണിയെടുത്ത് തയ്ക്കാൻ കൊടുത്താൽ പിന്നെ ഓണത്തിന് മുൻപ്
തയ്ച്ച് കിട്ടുമോ എന്ന ആധിയാണ്.
സ്കൂൾ യൂണിഫോമിന്റെ തയ്യൽ തിരക്ക് കഴിഞ്ഞാൽ ഓണക്കാലം തയ്യൽക്കാർക്ക് വലിയ ഡിമാന്റുള്ള കാലമാ.
എത്ര തിരക്കാണേലും ഒരാഴ്ചക്കകം തരാമെന്ന് പറഞ്ഞ് തയ്യൽക്കാരൻ തുണി വാങ്ങി വയ്ക്കും.
പിന്നെ നമ്മൾ രണ്ടും മൂന്നും പ്രാവശ്യം ചെന്ന് ശല്യപ്പെടുത്തിയാലാണ്
ഇഷ്ടൻ തയ്ക്കാൻ തുടങ്ങുക.
ചിലപ്പോൾ ഉത്രാടത്തിന് തരാമെന്ന് പറഞ്ഞ് ഉത്രാടത്തിന് ഉച്ചയാകുമ്പോഴേ കടയടച്ച്
തയ്യൽക്കാരൻ മുങ്ങും. തിരുവോണത്തിന് പുതിയ ഷർട്ടിടാതെ തയ്യൽക്കാരനെ പ്രാകിയി രുന്ന ഓണവും ഓർമ്മയിൽ ഓടിയെത്തുന്നു.
റെഡിമെയ്ഡ് വസ്ത്രങ്ങൾ വിപണി കയ്യടക്കിയതോടെ ഉത്രാട സന്ധ്യകളിൽ തയ്യൽക്കാരുടെ മുന്നിൽ കാത്ത് നിൽക്കണ്ട .ഇഷ്ടമുള്ളപ്പോൾ പോയി വസ്ത്രം വാങ്ങാമെന്നായി.
ഓണക്കോടികളുടെ ഓർമ്മയുണർത്തിയത് ഒ.പി.യിൽ വരുന്ന കുരുന്നുകളാണ്. ഓണക്കാലത്ത് കുട്ടികളുടെ ഒ.പി വർണ ശബളമാണ്. അസുഖം കാണിക്കുവാൻ വരുമ്പോൾ പുതിയ ഉടുപ്പിടാൻ വാശി പിടിക്കുന്നവർ.
ഡോക്ടറുടെ ഷർട്ടിൽ പിടിച്ച് വലിച്ച് എന്റെ പുതിയുടുപ്പാ എന്ന് കൊഞ്ചുന്നവർ.
വർഷങ്ങൾക്ക് മുൻപ്
ഇത് പോലെ ഒരു ഓണക്കാലത്ത് ഒപിയിൽ വന്ന മാളവികയെ ഓർത്ത് പോകുന്നു. മാളവികയുടെ മുഖത്ത് മാത്രം പുഞ്ചിരിയില്ലായിരുന്നു .ആസ്തമയുടെ അസുഖമായി കൂടെ കൂടെ വരാറുള്ള അവളുടെ അച്ഛൻ ജയിലിലാണ്.അമ്മയെ കൊന്നക്കുറ്റത്തിന്.
അമ്മൂമയാണ് അവളെ സംരക്ഷിക്കുന്നത്. അമ്മൂമ്മക്ക് എഴുപതിനടുത്ത് പ്രായം വരും.നാട്ടുകാരുടെ സഹായത്തലാണ് അവർ അവളെ സംരക്ഷിക്കുന്നത്.
അവരുടെ കാലശേഷം ഈ കുട്ടിയെ ആര് സംരക്ഷിക്കുമെന്ന് ആലോചിച്ച് മാളവികയെ ഒരു ബാലിക സദനത്തിൽ
ചേർക്കുന്ന കാര്യം ഞാനമ്മൂമയോട് സംസാരിച്ചതാണ്.
'എന്റെ രക്തമാ.എന്റെ ഒപ്പം വളരട്ടെ. ആരൂല്ലാണ്ടാകുമ്പോൾ ദൈവം തുണയുണ്ടാകുമെന്നായിരുന്നു അവരുടെ മറുപടി.
എന്തായാലും ആ ഓണത്തിന് മാളവികയ്ക്ക്
ഒരുടുപ്പ് വാങ്ങിക്കൊടുത്തു.
അതിട്ട് അടുത്ത ദിവസം ആ അമ്മൂമ അവളെ എന്നെ കാണിക്കുവാൻ കൊണ്ട് വന്നിരുന്നു. അവളുടെ മുഖത്തെ സന്തോഷം അത് പറഞ്ഞറിയിക്കാവുന്നതിലുമപ്പുറമായിരുന്നു.
നാം കാണുന്നവരിൽ മാളവിക മാർ പലരുമുണ്ടാകാം.
മക്കൾക്ക് ഓണ കോടി വാങ്ങുമ്പോൾ ഈ മാളവിക മാർ ഓർമ്മയിലെത്തുന്നു.
ഇന്ന് ആ കുട്ടിയുടെയും അമ്മൂമയുടെയും അവസ്ഥ അറിയില്ല.
എങ്കിലും അവർക്കും നല്ലൊരോണ മാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
പ്രവീൺ മറുവഞ്ചേരി
Comments
Post a Comment