കൊറോണയും ലോകവും
*കൊറോണയും ലോകവും*
ഒരശരീരി പോലെയാണ് ആ ചോദ്യം എൻ്റെ കാതിൽ പതിച്ചത്!
"ഈ ലോകം എങ്ങിനയാ ഉണ്ടാകണേ? "
ബോട്ടിൻ്റെ മുൻ സീറ്റിൽ ഇരുന്നിരുന്ന ഞാനൊന്ന് ആശ്ചര്യത്തോടെ തിരിഞ്ഞു നോക്കി.
ആരാണാ ചോദ്യം ചോദിച്ചത്?
പുരാതന കാലം മുതൽ മനുഷ്യനെ വലയ്ക്കുന്ന, ആ ചോദ്യശരം എയ്ത വയോധികൻ രണ്ട് സീറ്റ് പിന്നിലായിട്ടിരിക്കുന്നുണ്ട്.
മാസ്ക് എല്ലാം ധരിച്ച് ശുഭ്രവസ്ത്രധാരിയായി, സമപ്രായമുള്ള സുഹൃത്തിനോട് ,പരിസരം മറന്ന് അല്പം ഉച്ചത്തിലുള്ള അദ്ദേഹത്തിൻ്റെ സംഭാഷണത്തിന്, മൊബൈലിൽ കുത്തിക്കളിക്കുന്ന ഭാവേന ഇരുന്നെങ്കിലും ഞാൻ കാതോർത്തു.
"കൊറോണ വന്നാൽ പ്രതിഷ്ഠയ്ക്ക് മാസ്കിടുമോ? തിരുരൂപത്തിന് മാസ് കിടുമോ? ഇല്ലല്ലോ"
ആദ്യത്തെയാൾ.
"അതില്ലാ, ദൈവത്തിനെന്ത് കൊറോണ? മനുഷ്യർക്കല്ലേ കൊറോണയും ,അസുഖവും."
സുഹൃത്തിൻ്റെ മറുപടി.
"അപ്പോൾ അത്രയേയുള്ളൂ
മനുഷ്യർക്ക് മാത്രമേ ഈ വൈറസും ലോകവുമുള്ളൂ.ഞാൻ കണ്ണ് തുറന്നാലല്ലേ ലോകമുള്ളൂ. കണ്ണ് തുറന്ന് കാണുന്നില്ലെങ്കിൽ എനിക്ക് ലോകമില്ലല്ലോ?"
ശരിയാണല്ലോ! ഞാനോർത്തു.
'ലോക്യതേ അനേന ഇതി ലോക: എന്നാണല്ലോ. നാം കാണുന്നതാണ് നമ്മുടെ ലോകം.
വളരെ ഗഹനമായ ആശയം ,വളരെ ലളിതമായി പറയുന്ന യദ്ദേഹത്തെ ആദരവോടെ ഞാനൊന്ന് കൂടി തിരിഞ്ഞ് നോക്കി.
എത്ര നിസ്സാരമായി അദ്ദേഹം ലോകത്തെ കാണുന്നു. അനുഭവജ്ഞാനമോ, ആത്മജ്ഞാനമോ അതോ സമ്മർദ്ദങ്ങളില്ലാതെ ജീവിക്കുവാനുള്ള എളുപ്പ വഴിയോ?
കായൽ കാറ്റേറ്റ് അല്പനേരം കണ്ണടച്ചിരുന്ന, എൻ്റെ മനസ്സിലെചിന്തകൾ , അദ്ധ്യാത്മിക ലോകത്തേയ്ക്ക് കൂട്ടികൊണ്ടു പോകുവാൻ തുടങ്ങിയപ്പോഴേക്കും ലൗകിക ലോകത്തെഫോൺ ചിലച്ചു.
"സർ വാർഡ്..ൽ കേസ് കൂടുന്നുണ്ട്. കണ്ടൈൻ മെൻറാക്കാമല്ലേ "
കൊറോണ സെല്ലിൽ നിന്നാണ്.
"ഞാനും പറയാനിരിക്കുകയായിരുന്നു. ഉറവിടമറിയാത്ത കേസുകൾ ഉണ്ട്.ആക്കുന്നതാകും നല്ലത്. ചെറിയ അശ്രദ്ധയിൽ ഇത്രയും കാലത്തെ അദ്ധ്വാനം പാഴാവരുതല്ലോ"
ഞാൻ മറുപടി പറയുമ്പോൾ, പായൽ കാരണം,ബോട്ട് ജെട്ടിയിലടുപ്പിക്കുവാൻ ജീവനക്കാർ പാടുപെടുകയായിരുന്നു.
വയോധികർ അപ്പോഴും ചർച്ചയിലാണ്. ആളുകൾ പുറത്തിറങ്ങാൻ വാതിലിനടുത്തേക്ക് നീങ്ങുന്ന തക്കത്തിൽ, സീറ്റുകൾക്കിടയിൽ വീണ് കിടക്കുന്ന കപ്പലണ്ടി മണികൾ കൊത്തി തിന്നാൻ , ജാലകത്തിലിരുന്ന പ്രാവുകൾ നിലത്തിറങ്ങി.
കണ്ണ് തുറന്ന്, ഞാൻ കണ്ട എൻ്റെ കർമ്മലോകത്തിലേക്ക് ഞാനും ചാടിയിറങ്ങി.
@ ഡോ.പ്രവീൺ മറുവഞ്ചേരി
സൂപ്പർ
ReplyDelete🙏
Delete